സുരേഷ് ഗോപിയുടെ മകൻ മാധവിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സാജിദ് യഹിയ. മാധവ് നായകനായെത്തിയ അങ്കം അട്ടഹാസം എന്ന ചിത്രത്തിന് പിന്നാലെയാണ് നടനെതിരെ കടുത്ത ആക്രമണം.
അങ്കം അട്ടഹാസം എന്ന സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്നും എന്നാൽ 23 വയസ്സുകാരനായ ഒരു യുവാവിനെ നിർത്താതെ ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും സാജിദ് തന്റെ കുറിപ്പിൽ പറയുന്നു.
അടുത്തിടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ മാധവ് നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനിടയിലാണ് സിനിമാ മേഖലയിൽ നിന്ന് തന്നെ താരത്തിന് പിന്തുണയുമായി സാജിദ് യഹിയ രംഗത്തെത്തിയിരിക്കുന്നത്.
''മാധവ് ബ്രോ, നിന്റെ പുതിയ റിലീസായ അങ്കം അട്ടഹാസത്തിനു പിന്നാലെ ഓൺലൈനിൽ ഒരുപാട് പോപ്പ്-അപ്പ് വിഡിയോകളും നെഗറ്റിവിറ്റിയും വരുന്നത് കാണുന്നുണ്ട്. മലയാള സിനിമയെ ആശ്രയിച്ച് വരുമാനം കണ്ടെത്തുന്ന പല യൂട്യൂബ് റിവ്യൂവേഴ്സും നിന്നെ നിർത്താതെ ലക്ഷ്യം വയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
ഈ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയാനല്ല ഞാൻ ഇവിടെ വന്നത്. സിനിമ എന്നത് എന്നും വ്യക്തിപരമായ ഒന്നാണ്. പക്ഷേ എനിക്ക് ഒരു കാര്യം പറയാനുണ്ട്, മാധവിന് അവന്റെ കഴിവ് തെളിയിക്കാൻ കുറച്ചു സമയം നൽകൂ.
സിനിമയോടും കരിയറിനോടും ഇത്രയധികം പാഷനുള്ള 23 വയസുള്ള ഒരു യുവനടനെ ഇത്തരത്തിൽ എല്ലാ രീതിയിലും നെഗറ്റീവ് ആയി വേട്ടയാടുന്നത് ശരിക്കും നല്ലതാണോ സുഹൃത്തുക്കളേ? അവൻ വളരെ റിയൽ ആണെന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഈ ഇൻഡസ്ട്രിയിലെ മറ്റു പലരെയും പോലെ അഭിമുഖങ്ങളിൽ അഭിനയിക്കാൻ അവൻ ശ്രമിക്കാറില്ല. തികച്ചും ജെനുവിൻ ആയ, നിഷ്കളങ്കനായ ഒരു മനുഷ്യനായാണ് അവൻ എനിക്ക് തോന്നിയിട്ടുള്ളത്.
അവന് കുറച്ച് സ്പേസ് നൽകൂ. പിന്തുണ നൽകൂ. അവൻ വളരട്ടെ. പരാജയപ്പെടട്ടെ, അതിൽ നിന്ന് പഠിക്കട്ടെ, കൂടുതൽ കരുത്തോടെ തിരിച്ചു വരട്ടെ. എല്ലാ മികച്ച നടന്മാരും രൂപപ്പെടുന്നത് അങ്ങനെയാണ്. ആരും ഒറ്റരാത്രികൊണ്ട് ഇതിഹാസങ്ങളാകുന്നില്ല.
മാധവ്, ഈ ഊർജം കൈവിടരുത്. നിന്റെ സത്യസന്ധതയും ഉള്ളിലെ ആ തീയും കാത്തുസൂക്ഷിക്കുക. സിനിമ എപ്പോഴും അതിന്റെ ആളുകളെ കണ്ടെത്തും. യഥാർഥ വ്യക്തിത്വമുള്ളവർ എപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടും''. സാജിദ് യഹിയ കുറിച്ചു.